അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഡിജിപി ടോമിൻ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്. തച്ചങ്കരി പ്രതിയായ കേസിലാണ് പുനരന്വേഷണം. നേരത്തേ നടത്തിയ അന്വേഷണത്തിൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

എന്നാൽ ഈ അന്വേഷണത്തിൽ തന്റെ ഭാഗം കേൾക്കാനോ രേഖകൾ പരിശോധിക്കാനോ തയ്യാറായില്ലെന്ന് കാണിച്ച് തച്ചങ്കരി സർക്കാരിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് വിജിലൻസിലെ പ്രത്യേകസംഘത്തോട് തുടരന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.

തച്ചങ്കരിയുടെ ആവശ്യപ്രകാരം കേസ് നേരത്തേ കോട്ടയം കോടതിയിലേക്ക് മാറ്റിയിരുന്നു. കേസിൽ കഴമ്പില്ലെന്നും കുടുംബപരമായി ലഭിച്ച സ്വത്താണെന്നുമാണ് തച്ചങ്കരിയുടെ വാദം. ഇക്കാര്യം നേരത്തേ വിജിലൻസ് പരിഗണിച്ചില്ലെന്നും സർക്കാരിന് നൽകിയ കത്തിൽ പറയുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. തുടരന്വേഷണം നടത്താനുള്ള തീരുമാനം പുതിയ അന്വേഷണസംഘം കോടതിയെ അറിയിക്കും