ന്യൂഡെല്‍ഹി : കര്‍ഷകസമരത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര്‍ അറസ്റ്റിലായി. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും അറസ്റ്റിലായിട്ടുണ്ട്. കര്‍ഷക സമരവേദിയില്‍ ഇന്നും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡെൽഹി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. അതിനിടെ ഡെൽഹി -യുപി അതിർത്തിയായ ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. രക്തസാക്ഷി ദിനമായ ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് കർഷക സംഘടനകളുടെ ആഹ്വാനം.
സിംഘുവില്‍ കര്‍ഷകര്‍ക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് വന്‍ കല്ലേറും സംഘര്‍ഷാവസ്ഥയും നിലനിന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും മാറ്റുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ ഒരു എസ്എച്ച്ഒ ഉള്‍പ്പടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. അലിപൂര്‍ എസ്എച്ച്ഒ പ്രദീപ് പലിവാളിന് ഗുരുതരമായ പരിക്കേറ്റിരുന്നു. കേന്ദ്രസേനയും പൊലീസും തടയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അരികിലേക്ക് എത്തിച്ചേര്‍ന്നതും സംഘര്‍ഷാവസ്ഥയുണ്ടായതുമെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു.