ഇൻഡോർ: ട്രക്കില്‍ കുത്തിനിറച്ചു കൊണ്ടുവന്ന വൃദ്ധരെ ഹൈവേയ്ക്കരികില്‍ ഉപേക്ഷിക്കാൻ മു നിസിപ്പൽ ജീവനക്കാരുടെ ശ്രമം. അനാഥരായ വൃദ്ധരെയാണ് വഴിയരികില്‍ ഉപേക്ഷിക്കാൻ ജീവനക്കാർ ശ്രമിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികള്‍ ഇതിൻ്റെ ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. മുനിസിപ്പൽ ജീവനക്കാരെ തടഞ്ഞ പ്രദേശവാസികൾ, അതിശൈത്യത്തിൽ ഇവരെ ഉപേക്ഷിച്ചു പോകുവാൻ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർക്ക് എല്ലാവരെയും മടക്കിക്കൊണ്ടു പോകേണ്ടി വന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിശദീകരണവുമായി ഇൻഡോർ മുൻസിപ്പാലിറ്റി അധികൃതർ രംഗത്തെത്തി. ഭവനരഹിതർക്കായി ഷെൽട്ടർ ഹോമുകൾ നിർമിച്ചിട്ടുണ്ടെന്നും എന്നാൽ അനാഥരായ പ്രായമായവരെ എന്തുകൊണ്ടാണ് അവിടെ എത്തിക്കാത്തതെന്ന് അന്വേഷിക്കുമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ അഡീഷണൽ കമ്മീഷണർ ഭായ് രാജങ്കോങ്കർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് കരാർ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശങ്കപ്രകടിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന് അദ്ദേഹം നിർദേശം നൽകി.