ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ്

ന്യൂഡെൽഹി: ഡെൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല്കുന്നുണ്ട്. ജയ്ഷെ ഉൽ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എൻഐഎയും വ്യക്തമാക്കി.

എന്നാൽ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് വ്യക്തത ലഭിച്ചിട്ടില്ല. രണ്ട് പേർ കാറിൽവന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ സംശയമുളവാക്കുന്ന നീക്കങ്ങളുമെല്ലാം ഇപ്പോൾ പരിശോധിച്ചുവരികയാണ്.

ഇസ്രയേലി അംബാസഡർ റോൺ മൽക്ക് പറഞ്ഞത് ഇത് ഭീകാരാക്രമണമാണെന്നാണ്. ഈ പരിതസ്ഥിതിയിലാണ് എൻഐഎക്ക് കേസന്വേഷണം ഏൽപിക്കുന്നത് പരിഗണിക്കുന്നത്.

2012 ൽ രണ്ട് ഇസ്രയേലി നയതന്ത്രജ്ഞർക്കെതിരേ ഡെൽഹിയിൽ ആക്രമണമുണ്ടായിരുന്നു ഇതു രണ്ടും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർ സ്ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡെൽഹി പോലീസ് കൈമാറിയിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ഇസ്രായേലി അംബാസഡർ എന്നെഴുതിയ ഒരു കവർ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയ്ലർ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുളളിലുളളത്. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുളളതായാണ് സൂചന.

സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറൻസിക് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സമീപപ്രദേശത്തുളള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നഗരഹൃദയത്തിലുള്ള എംബസിക്ക് സമീപത്തെ എപിജെ അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം. റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.

ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29-ാം വാർഷിക ദിനമായിരുന്നു വെള്ളിയാഴ്ച. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റും വെള്ളിയാഴ്ച വൈകീട്ടാണ് അരങ്ങേറിയത്. ഇതിന്റെ ഭാഗമായി നഗരം കനത്ത സുരക്ഷയിലായിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം.