കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ കോംപ്ലക്‌സിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയാരോപിച്ച് നാല് കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്‍ പരാതി നല്‍കി. കെട്ടിടത്തിലെ രണ്ട് മുറികള്‍ പുതുക്കിപ്പണിയുകയും മോടി പിടിപ്പിക്കുകയും ചെയ്തതില്‍ ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
കൊറോണ മൂലം നിരവധി അഭിഭാഷകര്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. അതിനിടയില്‍ ബാര്‍ കൗണ്‍സില്‍ നേതൃത്വം ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 31ന് നടക്കാനിരിക്കെയാണ് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചടങ്ങില്‍ നിന്നും ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. കൂടാതെ കേസ് സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ബാര്‍ കൗണ്‍സിലിലെ ഉന്നതര്‍ക്കെതിരെ വീണ്ടും കോടികളുടെ അഴിമതിയാരോപണം ഉയരുന്നത്.