കര്‍ഷകര്‍ ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കുന്നില്ല; സമരത്തെ തള്ളി പറഞ്ഞ് അണ്ണാ ഹസാരെ നിരാഹാര സമരത്തില്‍നിന്ന് പിന്മാറി

പുണെ: അണ്ണാ ഹസാരെയുടെ അവസരവാദ സമീപനം ഒരിക്കൽക്കൂടി മറനീക്കി പുറത്ത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന പ്രഖ്യാപിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ സമരത്തില്‍ നിന്ന് പിന്മാറി. ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ സാന്നിധ്യത്തിലാണ് പിന്മാറ്റ തീരുമാനം ഹസാരെ അറിയിച്ചത്.

കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും അനിശ്ചിതകാല നിരാഹാര സമരം ശനിയാഴ്ച തുടങ്ങുമെന്ന് ഹസാരെ അറിയിച്ചിരുന്നു. തന്റെ അനുയായികളോടും അദ്ദേഹം പിന്തുണ തേടിയിരുന്നു.

ഇതിന് പിന്നാലെയാണ് കാലുമാറ്റം. വിവിധ പ്രശ്‌നങ്ങളില്‍ കാലങ്ങളായി താന്‍ സമരം നടത്തുകയാണ്. മൂന്ന് വര്‍ഷമായി സര്‍ക്കാറിന് മുന്നില്‍ കര്‍ഷകരുടെ പ്രശ്‌നം അവതരിപ്പിക്കുന്നു. വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് തനിക്ക് കത്ത് ലഭിച്ചുവെന്ന് അണ്ണാ ഹസാരെ അവകാശപ്പെട്ടു.

കര്‍ഷകര്‍ക്ക് വേണ്ടി താന്‍ ഉന്നയിച്ച 15 വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ നിരാഹാര സമരം റദ്ദാക്കിയിരിക്കുകയാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. .