ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം തുടരുന്ന കര്‍ഷകര്‍ക്ക് എതിരേ നടപടികള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു. കഴിഞ്ഞദിവസം രാത്രി വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു.
ഡെല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരോട് എത്രയും വേഗം സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡില്‍ ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി.
അതേസമയം, സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡെല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 20 കര്‍ഷക നേതാക്കള്‍ക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് കര്‍ഷക സംഘടന നേതാക്കള്‍ക്ക് എതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മേധാ പട്കര്‍, യോഗേന്ദ്ര യാദവ് അടക്കം 37 നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലുള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഈ നേതാക്കളാണെന്നാണ് പൊലീസ് പറയുന്നത്.