മതവികാരം വ്രണപ്പെടുത്തിയ കേസ്; അറസ്റ്റിലായ കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

ഇൻഡോർ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ജനുവരി ഒന്നിന് ഇൻഡോറിലെ 56 ദുകാൻ മേഖലയിലെ കഫേയിൽ നടന്ന ചടങ്ങിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറുഖി ഹിന്ദു ദൈവങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ മോശം പരമാർശം നടത്തിയതെന്നാണ് ആരോപണം.

ഫാറൂഖിക്ക് പുറമേ, എഡ് വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് സെക്ഷൻ 295 എ, 298, 269, 188, 34 എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. ഫാറൂഖി കുറ്റം ചെയ്തില്ലെന്നതിന് തെളിവുകളൊന്നുമില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ താൻ പരാമർശിച്ചിട്ടില്ലെന്ന മുനവ്വർ ഫാറൂഖിയുടെ വാദവും തള്ളിയിരുന്നു. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖ് ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി രണ്ടിനായിരുന്നു മധ്യപ്രദേശിലെ ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്തത്.സാഹോദര്യവും ഐക്യവും വളർത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നത്.