ന്യൂയോർക്ക് : ലൈംഗിക പീഡനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യുഎസ് ഡോളർ(123 കോടി രൂപ) പിഴ വിധിച്ച് യുഎസ് കോടതി. കേസിൽ 68 കാരനായ വെയിൻസ്റ്റീന് 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വെയിൻസ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നത്.
നഷ്ടപരിഹാരം നൽകുന്നത് കേസുമായി മുന്നോട്ട് പോകുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ഒട്ടനവധി സ്ത്രീകളാണ് നിർമാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതിൽ 37 പേർ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേർക്കും നഷ്ടപരിഹാര തുക വീതിച്ചു നൽകും.
മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിൻസ്റ്റീനെതിരേ ലൈംഗികാരോപണം ഉയർന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകൾ ഇയാൾക്കെതിരേ രംഗത്ത് വന്നു.