കരിപ്പൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലെ രണ്ടു ദിവസത്തെ പരിപാടികൾക്കായി എത്തിചേർന്ന രാഹുൽ ഗാന്ധി എംപിയുമായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം ചർച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, എം എം ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ് അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
വയനാട് പാർലമെൻറ് മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂരിലും നിലമ്പൂരിലുമുള്ള വിവിധ ഉദ്ഘാടന പരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്നു തന്നെ കൽപറ്റയിലേക്ക് തിരിക്കും.
അതേസമയം രാവിലെ പാണക്കാട്ടെത്തിയ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം പാണക്കാട് ചെലവഴിച്ച നേതാക്കൾ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായിരുന്നു വരവെന്നും മറ്റു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളും മറ്റും സംസാരിച്ചുവെന്നും സീറ്റു വിഭജനം പോലുള്ള വിഷയങ്ങളൊന്നും ചർച്ചയിൽ വന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരെ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. കോൺഗ്രസ് നേതാക്കളുടെ യാത്രക്കിടെ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലീഗ് ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കുമെന്നുറപ്പാണ്. എത്ര സീറ്റ് ചോദിക്കുമെന്നതാണ് നിർണായകം. എന്നാൽ കൂടുതൽ സീറ്റ് നൽകില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ അനൗദ്യോഗികമായി പറഞ്ഞതായാണ് സൂചന.
ലീഗ് ആറ് സീറ്റുകളാണ് ഇത്തവണ പുതുതായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ ഘടകകക്ഷികൾ ഒഴിവായ സീറ്റുകൾ കൂടി ചേർത്ത് 30 സീറ്റുകൾ വേണമെന്നാണ് ലീഗിന്റെ ആവശ്യം.എന്നാൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കാൻ ഇപ്പോൾ ലീഗ് തയ്യാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യത്തിൽ പരസ്യമായ വിഴുപ്പലക്കൽ പാടില്ലെന്ന അഭ്യർത്ഥനയുമായാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെത്തിയതെന്നാണ് സൂചന.
അഞ്ചാം മന്ത്രിസ്ഥാനം പോലെയുള്ള വിവാദങ്ങളിലേക്ക് പോകരുതെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രണ്ട് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസിന്റെ സമവായ ഫോർമുല. ഒരു സീറ്റിൽ പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തണം. ആ സ്ഥാനാർത്ഥിയെ ലീഗും കോൺഗ്രസും ഒന്നിച്ച് പിന്തുണയ്ക്കും. അങ്ങനെ ലീഗിന് മൂന്ന് സീറ്റെന്ന ഫോർമുലയാണ് കോൺഗ്രസിന്റെ വാഗ്ദാനം. പി കെ കുഞ്ഞാലിക്കുട്ടിക്കാണ് ഇതിൽ ഒരു സമവായഫോർമുല രൂപീകരിക്കാനുള്ള ചുമതല.