മലപ്പുറം: കഴിഞ്ഞ നവംബറില്‍ പിഎസ് സി പരീക്ഷ നടന്ന മലപ്പുറം ജില്ലയിലെ എൽപി സ്കൂള്‍ അധ്യാപക തസ്തികയുടെ മെയിന്‍ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം ചുരുക്കാന്‍ നീക്കമെന്ന് പരാതി. നിലവില്‍ 402 ഒഴിവുകളുണ്ടായിട്ടും 1001 പേരുടെ മെയിന്‍ലിസ്റ്റ് തയാറാക്കുന്നത് അവസരം നഷ്ടപ്പെടുത്തുമെന്നാണ് ആക്ഷേപം. ഇതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുളള മലപ്പുറം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവും നിലവിലുളളത്.
തൊട്ടു മുന്പുളള പി എസ് സി പട്ടികയില്‍ 1001 പേരുടെ മെയിന്‍ ലിസ്റ്റ് തയാറാക്കിയെങ്കിലും 2 വര്‍ഷംകൊണ്ടു തന്നെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ചു. 186 ഒഴിവുകളാണ് അന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നിലവല്‍ റിപ്പോര്‍ട്ട് ചെയ്ത 402 ഒഴിവുകള്‍ക്ക് പുറമെ ഇരുനൂറോളം പുതിയ ഒഴിവുകള്‍ വേറേയുമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ഒപ്പം ഈ വര്‍ഷം വിരമിക്കാനുളളവരും പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ തസ്തികയിലേക്കുളള ഒഴിവുകള്‍ കൂടി വരുബോള്‍ അവസരം ഇനിയുമേറും. എന്നിട്ടും 1001 പേരുടെ മെയിന്‍ലിസ്റ്റ് തയാറാക്കാനാണ് ഇപ്രാവശ്യവും തീരുമാനമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മൂവായിരം പേരെങ്കിലുമുളള മെയിന്‍ ലിസ്റ്റ് തയാറാക്കണമെന്ന അപേക്ഷയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നോട്ടു വയ്ക്കുന്നത്.