ന്യൂഡെൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയിലെ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. സിംഗു, തിക്രി അതിർത്തികളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ 83 പോലീസുകാർക്ക് പരിക്കേറ്റന്നാണ് ഡെൽഹി പോലീസ് അറിയിച്ചത്.
അതേസമയം, മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഡൽഹി ശാന്തമായി. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഗു അതിര്‍ത്തിയിലേക്ക് മടങ്ങി. എന്നാൽ ഏതാനും കർഷകർ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്.
ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് വെടിവയ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. എന്നാൽ ട്രാക്ടര്‍ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇതിനിടെ, ഡെല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.