കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ തിങ്കളാഴ്ച കേന്ദ്രബജറ്റ്: നിർമ്മലാ സീതാരാമന് മുന്നിൽ വൻവെല്ലുവിളി

ന്യൂഡെൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തിങ്കളാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് രാഷ്ട്രീയ വെല്ലുവിളി കൂടിയാണ്. ധനമന്ത്രിയെന്ന നിലയില്‍ തിളങ്ങാനായില്ലെന്ന വിമര്‍ശനം നിലനില്‍ക്കേ കൊറോണയിൽ സാമ്പത്തിക മാന്ദ്യത്തിലായ രാജ്യത്തെ കരകയറ്റാനുള്ള ഉത്തരവാദിത്തം നിറവേറ്റുകയെന്നത് നിർമ്മല സീതാരാമന് മേലുള്ള സമ്മർദ്ദത്തെ ഇരട്ടിയാക്കും.

ഒരു അസാധാരണ സാഹചര്യമാണിത്. “ദൈവത്തിന്‍റെ പരീക്ഷണമെന്നേ പറയാനാവൂ… “- കൊറോണ കാലത്തെ സമ്പദ് വ്യവസ്ഥ ദൈവത്തിന്‍റെ പരീക്ഷണം നേരിടുന്നുവെന്ന ധനമന്ത്രിയുടെ ഈ പ്രതികരണം സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രയെന്ന് വ്യക്തമാക്കുന്നതാണ്. ധനമന്ത്രിയായി നിര്‍മ്മല സീതരാമാന്‍ ചുമതലയേല്‍ക്കുമ്പോള്‍ തന്നെ പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥ കൊറോണയോടെ കൂടുതല്‍ തകര്‍ച്ച നേരിട്ടു.

24 ശതമാനമാനം ഇടിവാണ് ഈ വര്‍ഷം ആദ്യപാദം സമ്പദ് വ്യവസ്ഥക്കുണ്ടായത്. രണ്ടാം പാദത്തിൽ 7.5 ശതമാനം. ജിഡിപിയില്‍ ശരാശരി എട്ട് ശതമാനത്തിന്‍റെ ഇടിവ് പ്രതീക്ഷിക്കുന്നു. തൊഴിൽ നഷ്ടത്തിൻറെ യഥാർത്ഥ കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. പൊതുമേഖലയിൽ സർക്കാർ തന്നെ കൂടുതൽ ചെലവഴിച്ച് പ്രതിസന്ധി നേരിടണം എന്നാണ് നിർദ്ദേശം ഉയരുന്നത്. എന്നാൽ ഇതിനുള്ള വരുമാനം എവിടെ എന്ന് ധനമന്ത്രിക്ക് പോലും വ്യക്തതയില്ല.

അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്ന പ്രഖ്യാപനം നിലനില്‍ക്കേ സമ്പദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രം കടുത്ത സമ്മര്‍ദ്ദത്തിലാണ്. മോശം പ്രകടനത്തിന്‍റെ പേരില്‍ നിര്‍മ്മല സീതാരാമനെ ഇടയ്ക്ക് മാറ്റാന്‍ ആലോചനകളുണ്ടായിരുന്നെങ്കിലും കൊറോണ സാഹചര്യം മൂലം തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഇരുപത് ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധി നേരിടുമെന്ന പ്രവചനങ്ങള്‍ ധനമന്ത്രിക്കുള്ള വെല്ലുവിളി തന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയിലെ മാറ്റം പ്രതീക്ഷിക്കാമെന്നിരിക്കെ നിർമ്മലസീതാരാമന് അടുത്ത മൂന്നു മാസത്തെ സാമ്പത്തിക സാഹചര്യം നിർണ്ണായകമാകും.