ന്യുഡെൽഹി: കർഷക പ്രതിഷേധത്തിൽ രാജ്യതലസ്ഥാനം കലുഷിതമായ സാഹചര്യത്തിൽ കൂടുതൽ അർധസൈനിക വിഭാഗങ്ങളെ ഡെൽഹിയിൽ വിന്യസിക്കും. സുരക്ഷ പ്രശ്നങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഡെൽഹിയിലെ നിലവിലെ സ്ഥിതിഗതികളും സമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങളും മറ്റും ആഭ്യന്തര മന്ത്രിക്ക് വിശദീകരിച്ചു. ഡെൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവയും ഐബി ഡയറക്ടർ അരവിന്ദ് കുമാറും യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണങ്ങൾ മറികടന്ന് കർഷക മാർച്ച് ഡെൽഹിയിൽ പ്രവേശിച്ചതോടെ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഐടിഒ, സീമാപുരി, തുടങ്ങിയ മേഖലകളിൽ സമരക്കാരും പൊലീസും ഏറ്റുമുട്ടി. ഒരു കർഷകൻ മരിച്ചു. ചെങ്കോട്ടയിൽ കർഷകർ പതാക ഉയർത്തി. സ്ഥിതി കലുഷിതമായ സാഹചര്യത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്.