ദുരൂഹമായി ആ പോസ്റ്റുകൾ; പൂജയ്ക്കായി മക്കളും തയ്യാറായി; പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ ദാരുണകൊല

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടറുകളിൽനിന്നുള്ള വിവരങ്ങൾ തുടങ്ങിയവ പോലീസ് ശേഖരിച്ചു. ഇതിൽനിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

കഴിഞ്ഞദിവസമാണ് പുനർജനിക്കുമെന്ന വിശ്വാസത്തിൽ യുവതികളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ആലേഖ്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അടുത്തിടെയായി യുവതി പ്രസിദ്ധീകരിച്ച പല പോസ്റ്റുകളും ദുരൂഹതയുണർത്തുന്നതാണ്. അടുത്തിടെയായി സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും കണ്ടതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. നേരത്തെ സായി ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വിവരവും പോലീസിന് ലഭിച്ചു.

ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായുള്ള പൂജയെക്കുറിച്ച് മക്കൾക്കും അറിവുണ്ടായിരുന്നു. നിരവധി പൂജാ സാധനങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്.

പൂജയ്ക്ക് ശേഷം ത്രിശൂലം ഉപയോഗിച്ചാണ് പ്രതികൾ സായി ദിവ്യയെ കൊലപ്പെടുത്തിയത്. ഡംബൽ കൊണ്ട് ആലേഖ്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി. ശേഷം ആലേഖ്യയുടെ വായിൽ ലോഹപാത്രം വെച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പുരുഷോത്തം നായിഡു സഹപ്രവർത്തകനെ ഫോണിൽവിളിച്ച് വിവരം പറഞ്ഞിരുന്നു. ഇയാളാണ് പോലീസിനെ വിവരമറിയിച്ചത്.

കൊലപാതകം നടത്തിയ പ്രതികൾ ആത്മീയതയുടെ പരകോടിയിലാണ് സംസാരിച്ചതെന്നാണ് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും സത്യയുഗം പിറന്നാൽ മക്കൾ പുനർജനിക്കുമെന്നും ഇവർ പോലീസിനോട് ആവർത്തിച്ചുപറഞ്ഞു. അറസ്റ്റ് ചെയ്ത ദമ്പതിമാരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് ഡി.എസ്.പി. രവി മനോഹരാചാരി അറിയിച്ചു.