ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടർ പരേഡ് അക്രമാസക്തമായതിനെ തുടർന്ന് ഡെൽഹിയിൽ കടുത്ത നിയന്ത്രണങ്ങൽ ഏർപ്പെടുത്തി. ഡെൽഹി നഗരം ഒന്നടങ്കം കർഷകർ വളഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡെൽഹി പോലീസിന്റെ വിശദീകരണം.
സമരത്തെ നേരിടാൻ കടുത്ത പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമരകേന്ദ്രങ്ങളായിട്ടുള്ള ഡെൽഹിയുടെ വിവിധ അതിർത്തികളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കർഷകസമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ അതിർത്തി മേഖലകളിൽ ഇപ്പോൾ ഇന്റർനെറ്റ് സേവനമില്ല.
ഡെൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങൾ അടച്ചിട്ടതായി ഡെൽഹി മെട്രോ അറിയിച്ചു. സെൻട്രൽ, വടക്കൻ ഡെൽഹിയിലെ പത്തോളം സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്.
സെൻട്രൽ ഡെൽഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.എൻ എച്ച് 44, ജി ടി കെ റോഡ്, ഔട്ടർ റിംഗ് റോഡ്, സിഗ്നേചർ ബ്രിഡ്‌ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാർഗ്, ഐ ടി ഒ,എൻ എച്ച് 24, നിസാമുദ്ദിൻ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്.
ട്രാക്ടർ പരേഡിനിടെ വിവധയിടങ്ങളിൽ കർഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെടുകയുമുണ്ടായി. പോലീസ് വെടിവെയ്പ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാൽ പോലീസ് ഇത് നിഷേധിച്ചു.