ന്യൂഡെൽഹി: പോരാട്ട വീര്യത്തോടെ റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കർഷകരുടെ ട്രാക്ടർ റാലി ഡെൽഹിയിൽ പ്രവേശിച്ചു. നിശ്ചയിച്ചതിലും നേരത്തേ നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ റാലി നടത്തുന്നത്. സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. തിക്രി, ഗാസിപൂർ, ചില്ല അതിർത്തികളിൽ നിന്നും കർഷകർ റാലിക്കെത്തും.
റാലി തടയാനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിൽ പ്രവേശിപ്പിച്ചത്. പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി.5000 ട്രാക്ടറുകൾക്ക് ആണ് അനുമതിയെങ്കിലും ഇതിൻ്റെ പതിന്മടങ്ങ് ട്രാക്ടറുകൾ റാലിയിൽ അണിചേരാൻ എത്തിക്കൊണ്ടിരിക്കയാണ്.
ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രം ഉപയോഗിക്കാമെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിധം യതൊരു മുദ്രവാക്യവും പാടില്ലെന്നും നിർദേശമുണ്ട് . വൈകീട്ട് 5 മണിക്ക് റാലി അവസാനിപ്പിക്കണമെന്നാണ് പോലീസ് നിർദേശം. അട്ടിമറി സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.