കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിനെതിരേയാണ് പോലീസ് കേസെടുത്തത്.
ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ്കേസ്.
തിങ്കളാഴ്ച രാത്രിയാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചിരുന്നു. സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ബാലിക ദിനത്തിൽ എന്റെ മകൾ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും അശ്ലീല കമന്റ് ഇട്ടത്. സംഭവത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
കെ സുരേന്ദ്രന്റെ മകളെ അസഭ്യം പറഞ്ഞയാൾക്കെതിരെ രൂക്ഷവിമർശനവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക വി ആതിരയും നേരത്തേ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ വിരോധം ആവാമെന്നും എന്നാൽ അത് പൊതുപ്രവർത്തകരുടെ പെണ്മക്കളെ അസഭ്യം പറഞ്ഞുകൊണ്ട് വെളിവാക്കരുതെന്നാണ് അദ്ധ്യാപിക തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറഞ്ഞത്.
കുറിപ്പ് ചുവടെ:’രാഷ്ട്രീയ വിരോധം ആവാം.. പൊതുപ്രവർത്തകരെ വെല്ലുവിളിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്മക്കളെ അസഭ്യം പറഞ്ഞിട്ടാവരുത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ് അനാവശ്യം പറഞ്ഞത്.കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യും ഒരു സംശയവും വേണ്ട!!’