മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ

വയനാട്: മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനം. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ടെന്‍റില്‍ താമസിച്ച യുവതി ആനയുടെ ചിവിട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം കാട്ടാന ആക്രമണത്തിൽ മേപ്പാടിയിലെ റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിനായി അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്ക് ആവശ്യമായ നിർദേശം നൽകി.

നിലവിലുള്ള മാനദണ്ഡങ്ങൾക്കു പുറമേ ഈ മാർഗരേഖ കൂടി ഇത്തരം പ്രവൃത്തികൾക്കു നിർബന്ധമാക്കും. ‘റെയിൻ ഫോറസ്റ്റ്’ എന്ന സ്ഥാപനത്തിനു മേപ്പാടി പഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടായിരുന്നില്ല.

വനാതിർത്തിയോടു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല എന്നാണു മനസ്സിലാക്കുന്നത്. ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിനു സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.