തെരഞ്ഞെടുപ്പിൽ വനിതാ, യുവജന പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗിന് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർഥി, യുവ വനിതാ നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. വനിതാ വിഭാഗമായ ഹരിതയും രംഗത്തുണ്ട്. സ്ഥാനാർഥികളായി വിദ്യാർഥി നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. സംസ്ഥാന നേതൃത്വത്തെ ഹരിത സംസ്ഥാന കമ്മിറ്റി ആവശ്യങ്ങൾ അറിയിച്ചു.

പാർലിമെന്ററി രംഗത്ത് മികവുകാണിച്ചവരെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ വനിതാ ലീഗിലെ മുതിർന്ന നേതാക്കൾക്കാണ് സാധ്യത. അങ്ങനെയെങ്കിൽ വനിതാലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് സ്ഥാനാർഥിയായേക്കും. ദേശീയ ജനറൽസെക്രട്ടറി നൂർബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുൽസു എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്നപ്പോഴുണ്ടായ പ്രവർത്തന മികവാണ് സുഹറ മമ്പാടിനുവേണ്ടി രംഗത്തിറക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാർഥി, യുവ നേതാവിനെയാണ് ലീഗ് സ്ഥാനാർഥിയാക്കുന്നതെങ്കിൽ എം.എസ്.എഫ്. ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്ലിയയാകും മത്സരിക്കുക. എം.കെ. മുനീർ മണ്ഡലം മാറുമെങ്കിൽ കോഴിക്കോട് സൗത്തിലായിരിക്കും തഹ്ലിയയെ പരിഗണിക്കാനുള്ള സാധ്യത.

യുവജനങ്ങൾക്കിടയിൽ സ്വാധീനമുള്ള തഹ്ലിയയെ സ്ഥാനാർഥിയാക്കുന്നതോടെ യുവ സ്ഥാനാർഥിയായും വനിതാ പ്രതിനിധിയായും ലീഗിന് ഉയർത്തിക്കാട്ടാനുമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയത് മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് ലീഗ് തന്നെ അംഗീകരിക്കുന്ന കാര്യമാണ്. കൂടുതൽ പുതുമുഖങ്ങളെ പാർലമെന്ററി സംവിധാനങ്ങളിൽ എത്തിക്കാനായത് പാർട്ടിക്ക് നേട്ടമാകുമെന്ന വിശ്വാസം നേതാക്കൾക്കുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ വിദ്യാർഥി നേതാക്കളെ ലീഗ് രംഗത്തിറക്കിയിരുന്നു. യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവരെ നിയമസഭാ സ്ഥാനാർഥികളായി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ വനിതകൾ ഉൾപ്പടെയുള്ള പുതുമുഖങ്ങൾക്ക് സീറ്റുകൾ ചോദിക്കുകയാണ് യൂത്ത് ലീഗ്.