കൊച്ചി: കുതിരാൻ തുരങ്ക പാത നിർമാണം നിലച്ചതിൽ ദേശീയ പാത അതോററ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി. നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. കരാറുമായുള്ള തർക്കങ്ങളും ഭരണ പ്രതിപക്ഷ പാർട്ടികളുടെ സമരങ്ങളും ജോലിയെ ബാധിച്ചുവെന്നും ദേശീയ പാത അതോററ്റി കോടതിയിൽ വ്യക്തമാക്കി.
കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്നും തടസപ്പെടുകയും ചെയ്ത സാഹചര്യം വിശദീകരിച്ചുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അതോറിറ്റിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കുതിരാൻ പൂർത്തിയാക്കാനുള്ള എന്തെങ്കിലും പദ്ധതി ദേശീയപാത അതോററ്റിയ്ക്ക് ഉണ്ടോയെന്ന് കോടതി ചോദിച്ചു. അപകടങ്ങളും മണിക്കൂറുകളോളം ഉള്ള ഗതാഗതക്കുരുക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ കുതിരാനിൽ നിർമാണ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുമായുള്ള പ്രശ്നങ്ങളുണ്ട്. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പെടെയുള്ളവയും ഭരണ പ്രതിപക്ഷ പാർട്ടികളുടെ സമരവും നിർമ്മാണം തടസപ്പെടാൻ കാരണമായിട്ടുണ്ടെന്നും ദേശീയ പാത അതോററ്റി കോടതിയിൽ വിശദീകരിച്ചു.
തുടർ നടപടികൾ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച സത്യവാങ് മൂലം സമർപ്പിക്കും. അന്ന് തന്നെ കേസിൽ വിശദമായ വാദം കേൾക്കും.