ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡെൽഹി അതിർത്തിയിൽ പ്രക്ഷോഭം തുടരുന്ന കർഷകർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാർച്ച് നടത്താനാണ് കർഷകരുടെ തീരുമാനം. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളിൽ നിന്ന് പാർലമെന്റിലേക്ക് കാൽനടയായി മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു.
കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് ഡെൽഹി പോലീസ് അനുമതി നൽകിയിരുന്നു. പ്രതിഷേധക്കാർക്ക് ഡെൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡെൽഹി പോലീസ് നിർദേശിച്ചിട്ടുണ്ട്. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.
ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് സമരക്കാർ ഡെൽഹി പോലീസിന് സമർപ്പിച്ചിരുന്നു. പോലീസും സമരക്കാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. റാലി സമാധാനപരമായിരിക്കുമെന്ന് കർഷകർ പോലീസിന് ഉറപ്പു നൽകിയിരുന്നു. ഡെൽഹിയുടെ അതിർത്തികളിലായിരിക്കും സമരമെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.
ഡെൽഹി അതിർത്തിക്കു പുറത്ത് സമരം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി പോലീസ് വ്യക്തമാക്കി. നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി. റാലിയിൽ എത്ര ട്രാക്ടറുകൾ അണിനിരക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാൻ പാടുള്ളൂ.