കടന്നുകയറാന്‍ ചൈനീസ് ശ്രമം; ചെറുത്ത് ഇന്ത്യന്‍ സൈന്യം; 24 പേര്‍ക്ക് പരിക്ക്

ന്യൂഡെൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുൻപ് പട്ടാളക്കാർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ചൈനയുടെ ഒരു പട്രോൾ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത് ഇന്ത്യൻ സൈന്യം ചെറുക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. സായുധമായ ഏറ്റുമുട്ടൽ ആയിരുന്നില്ല എന്നാണ് സൂചന.

ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാനും ചൈനീസ് സൈനികരെ തുരത്താനും ഇന്ത്യൻ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോൾ സൈന്യം ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു.

സംഘർഷ മേഖലകളിൽ ഒന്നാണ് നാകുലയും. കഴിഞ്ഞ വർഷം മേയ് മാസത്തിലും സമാനമായ വിധത്തിൽ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സമുദ്രനിരപ്പിൽനിന്ന് 19,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല.