കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിച്ചത് വിവാദമാകുന്നു. യുഡിഎഫ് സിറ്റിങ് സീറ്റായ ഇവിടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായ ബിനോയ് കുര്യൻ ജയിച്ചത്. ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരിയുടെ ജന്മനാട്ടിൽ ബിജെപിയുടെ ഉറച്ച വോട്ടുകൾ പോലും ചോർന്നത് ചൂടേറിയ ചർച്ചയായിട്ടുണ്ട്.
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി വോട്ടുമറിക്കൽ സംബന്ധിച്ച അഭ്യൂഹം നിലനിൽക്കെയാണ് കണ്ണൂരിലെ കണക്കുകൾ പുറത്തായത്. ബിജെപിയുടെ വോട്ട് കുറഞ്ഞപ്പോൾ സിപിഎമ്മിന് ഗണ്യമായി വോട്ട് കൂടിയതാണ് ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്. കോൺഗ്രസിനെതിരെയുള്ള ബിജെപി വോട്ട് സിപിഎമ്മിന് അനുകൂലമാകുമെന്ന സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.
ജില്ലയിലെ പാർട്ടി ഗ്രാമമായ തില്ലങ്കേരിയിൽ സിപിഎം -ആർ.എസ്.എസ് ബദ്ധവൈരികളായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവിടെയാണ് ബിജെപിയിലെ വോട്ട് ചോർച്ച സിപിഎമ്മിന് സഹായമായത്. യുഡിഎഫ് കഴിഞ്ഞതവണ 285 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇത്തവണ എൽഡിഎഫിന് 6980 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2000 വോട്ടുകളുടെ ചോർച്ചയാണ് ഇത്തവണ ബിജെപിക്കുണ്ടായത്. കേരള കോൺഗ്രസ് ( ജോസ് കെ. മാണി) വിഭാഗം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായതെന്നാണ് സിപിഎം വിശദീകരണം. എന്നാൽ, ജോസ് കെ. മാണി വിഭാഗത്തിന് ഇവിടെ കാര്യമായ സ്വാധീനമില്ല. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോർജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ലിൻഡ ജെയിംസാണ് പിന്നീട് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിൻ്റെ 57 ശതമാനത്തിലധികം നേടിയാണ് എല്‍.ഡി.എഫ് അട്ടിമറി വിജയം കരസ്ഥമാക്കിയത്.
ആകെ പോൾ ചെയ്ത 32,580 വോട്ടിൽ ബിനോയ് കുര്യൻ - 18,687, ലിൻഡ ജെയിംസ് -11,707 എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില. ബിജെപിക്ക് ആകെ പോള്‍ ചെയ്ത വോട്ടിൻ്റെ 4.09 ശതമാനം മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി കൂട്ട ജയപ്രകാശിന് 1333 വോട്ട് ലഭിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 122 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ച ബി.ജെ.പിക്ക് ജില്ല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ലഭിച്ചത് 50 വോട്ട് മാത്രമാണ്.