കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം; റിസോർട്ട് നിന്നത് ഉരുൾപൊട്ടൽ സാധ്യതയുള്ളിടത്ത്; ലൈസൻസില്ല സുരക്ഷയില്ല, ; റിസോർട്ട് പൂട്ടിച്ചു

കൽപ്പറ്റ : മേപ്പാടി എളമ്പിലേരിയിലെ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് പൂട്ടി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ സുരക്ഷയില്ലെന്ന് വ്യക്തമായെന്ന് കളക്ടർ അദീല അബ്ദുള്ള വ്യക്തമാക്കി. കണ്ണൂർ ചേലേരി സ്വദേശി ഷഹാനയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. റിസോർട്ട് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലത്താണ്. ഇത്തരത്തിൽ അനധികൃതമായ മുഴുവൻ റിസോർട്ടുകളും പൂട്ടുമെന്ന് കളക്ടർ അറിയിച്ചു. മേപ്പാടി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടു. റിസോർട്ട് അനധികൃതമെന്ന് പഞ്ചായത്തും വ്യക്തമാക്കി.

റിസോർട്ട് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചത്. വന്യ മൃഗ ശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സർക്കാർ സൗകര്യങ്ങൾ ദുരുപയോഗിച്ച് ലാഭമുണ്ടാക്കുന്നു. ഇന്നലെ ആക്രമണം നടക്കുന്ന സമയത്ത് മുപ്പതോളം പേർ സംഭവ സ്ഥലത്ത് ടെന്റുകളിൽ കഴിഞ്ഞിരുന്നു.