കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം; റിസോർട്ടിനെതിരെ വനംവകുപ്പ്

കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോർട്ടിന് ലൈസൻസില്ലെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കി. റിസോർട്ടിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിച്ചിരുന്നില്ല.

വന അതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചത്. വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നത്.

റിസോർട്ടിനു മൂന്നു വശവും കാടാണ്. മൊബൈലിന് റെയ്ഞ്ചും ഇല്ല. ഇതോടൊപ്പം യുവതി മരിച്ചത് റിസോർട്ട് ഉടമ പറയുന്ന സ്ഥലത്താണൊ എന്ന സംശയവും വനംവകുപ്പ് പ്രകടിപ്പിച്ചു.

ശനിയാഴ്ച രാത്രി ഭക്ഷണത്തിനു ശേഷം റിസോർട്ടിലെ ടെൻ്റിന് പുറത്ത് നിൽക്കുമ്പോഴാണ് വിനോദ സഞ്ചാരിയായ കണ്ണൂർ സ്വദേശിനി ഷഹാന(26)യെ കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു ഷഹാന. ഇവർ പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.