തെരഞ്ഞെടുപ്പിൽ ജനവികാരം എതിരാകുമെന്ന ഭയം; ആലപ്പുഴ ബൈപ്പാസില്‍ ടോള്‍പിരിവ് നീട്ടണം: കേന്ദ്രത്തോട് കേരളം

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ ബൈപ്പാസില്‍ ടോള്‍പിരിവ് നടത്തിയാൽ ജനവികാരം എതിരാകുമെന്ന് കണ്ട് ടോൾ പിരിവ് നീട്ടിവെക്കാന്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. തുല്യപങ്കാളിത്തത്തില്‍ നിര്‍മിച്ച പാതയില്‍ സംസ്ഥാനം ചെലവിട്ട തുകയ്ക്ക് ടോള്‍ ഈടാക്കേണ്ടെന്നും ദേശീയപാതാ അതോറിറ്റിയെ സർക്കാർ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ നഗരത്തിലെ കുരുക്കഴിക്കാന്‍ പുതുവഴി തെളിഞ്ഞെങ്കിലും ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചതില്‍ പല ഭാഗങ്ങളിൽ നിന്നും എതിര്‍പ്പുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടോള്‍ പിരിവ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തയച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സാവകാശം ടോൾ ഏർപ്പെടുത്തിയാൽ പ്രതിഷേധം തണുപ്പിക്കാനാകുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അടുത്ത വ്യാഴാഴ്ചയാണ് ബൈപ്പാസ് തുറക്കുന്നത്. പാതയുടെ ഉദ്ഘാടനത്തിന് മുന്നേതന്നെ വിളക്കുകള്‍ തെളിയിച്ച് ഒരുങ്ങി. ആറരകിലോമീറ്റര്‍ നീളത്തില്‍ 408 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. 80 എണ്ണം കേന്ദ്രസര്‍ക്കാര്‍ ചെലവിലും 328 എണ്ണം സംസ്ഥാനവുമാണ് സ്ഥാപിച്ചത്. കളര്‍കോട്, കൊമ്മാടി ജംക്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാലരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം. 172 കോടി രൂപവീതം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പങ്കിട്ടാണ് ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.