ന്യൂഡെൽഹി: ഡെല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം രണ്ടാം മാസം കടന്നതോടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിൽ രണ്ടുലക്ഷം ട്രാക്ടറുകൾ എത്തിക്കാൻ കർഷകരുടെ ശ്രമം.ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനമുണ്ടാകും. കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡെല്‍ഹി പൊലീസിന് കൈമാറും.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ രേഖാമൂലം നല്‍കിയിട്ടില്ലെന്ന് ഡെല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. അതുകൂടി ലഭിച്ച ശേഷമായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. ഇന്നുതന്നെ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി കൈമാറുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയവ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുന്നത്. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ എത്തിയതാണെന്ന യുവാവിന്റെ മൊഴി കര്‍ഷകരെ ഭയന്നിട്ടാണെന്ന് ഹരിയാന പൊലീസ് അവകാശപ്പെട്ടു. യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് പോലീസ് പറയുന്നത്. സോനിപത്തിലെ റായ് പൊലീസ് സ്റ്റേഷനിലെ പ്രദീപ് എന്ന് പേരുള്ള എസ്എച്ച്ഒയാണ് കര്‍ഷകരെ കൊല്ലാന്‍ തന്നെ നിയോഗിച്ചതെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആ പേരില്‍ ഒരു എസ്എച്ച്ഒ റായ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇല്ലെന്ന് ഹരിയാന പൊലീസ് പറയുന്നു.