കാഠ്മണ്ഠു: നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കി. രാജ്യത്തെ രാഷ്ട്രീയ അസ്വസ്ഥതകൾക്കിടയിലാണ് ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നേപ്പാൾ ഒരുങ്ങുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാൻ കെ.പി ശർമ്മ ഒലി രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഏറെ നാളായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ശീതമരത്തിനൊടുവിലാണ് ഒലി ഇത്തരമൊരു നീക്കം നടത്തിയത്. കെപി ശർമ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി പാര്‍ട്ടി വക്താവ് നാരായൺ കാജി ശ്രേഷ്ഠ വാർത്താ ഏജൻസി എ എൻ ഐയോട് സ്ഥിരീകരിച്ചു.
275 അംഗ സഭയെ പിരിച്ചുവിടാൻ കെപി ശർമ്മ ഒലി ശുപാർശ ചെയ്തതിനെത്തുടർന്ന് ഡിസംബർ 20 ന് നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലായി. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായുള്ള അധികാര പോരാട്ടത്തിനിടയിലാണ് ഇത് അപ്രതീക്ഷിതമായി പാർലമെന്‍റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശുപാർശ ചെയ്തത്.
നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.