കനത്ത മഞ്ഞുവീഴ്ചക്കിടെ യുവതിയേയും നവജാത ശിശുവിനെയും ആറു കിലോമീറ്റർ ചുമന്ന് ഇന്ത്യൻ സൈനികര്‍

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യൻ സേന. കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയിൽ നിന്നാണ് തുടർച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് വീട്ടിലെത്തിച്ച് ഒരിക്കൽ കൂടി സേവനസന്നദ്ധതയുടേയും കർമനിരതയുടേയും പ്രതീകമായത്.

തണുത്തുറഞ്ഞ പാതയിലൂടെ നടന്നാണ് സൈനികർ അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി താമസസ്ഥലത്ത് എത്തിച്ചത്. മഞ്ഞുവീഴ്ചയിൽ നിന്ന് സംരക്ഷണമേകാൻ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളിൽ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാർ കോർപ്സാണ് ട്വിറ്ററിൽ പങ്കു വെച്ചത്.

ദർദ്പുര സ്വദേശിയായ ഫാറൂഖ് ഖസാനയുടെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചതായി ട്വീറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച ഡിസ്ചാർജ് ചെയ്തതോടെ ഇവർ ആശുപത്രിയിൽ കുടുങ്ങി. തുടർന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയതെന്ന് ഫാറൂഖിന്റെ ഒരു ബന്ധു പ്രതികരിച്ചു.

28 ആർആർ ബറ്റാലിയൻ അംഗങ്ങൾ തന്റെ ഭാര്യയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാൻ സഹായിച്ചതായും അവരോട് ഏറെ നന്ദിയുണ്ടെന്നും ഫാറൂഖ് അറിയിച്ചു.