തിരുവനന്തപുരം: അഞ്ച് വർഷം നടപടിയെടുക്കാത്ത സർക്കാർ ഇപ്പോൾ കേസ് സിബിഐക്ക് വിടുന്നതെന്തിനാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രനാളും കേസിൽ നടപടി എടുക്കാത്തത് സംബന്ധിച്ച് വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുറത്തുവന്ന തീരുമാനം സംബന്ധിച്ച് വിശദമായി പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ച്ചകൾ ബാക്കിനിൽക്കെയാണ് എൽഡിഎഫ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സോളാർ കേസ് ഏറ്റെടുക്കണമോ എന്നുള്ളത് സിബിഐ സ്വന്തം വിവേചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
സോളാർ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജഞാപനം പുറത്തിറങ്ങിയിരുന്നു. സോളാർ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെതുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.സോളാർ പരാതിക്കാരിയെ ചിലർ നിർബന്ധിച്ച് പരാതി എഴുതിയിക്കുകയായിരുന്നുവെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.
ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, എപി അനിൽകുമാർ, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ് സിബിഐക്ക് വിടുന്നത്. ഡൽഹി പൊലീസ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കേസുകൾ സിബിഐ ഏറ്റെടുക്കണമെന്ന് കാട്ടിയുള്ള ശുപാർശ സംസ്ഥാന സർക്കാർ ഉടൻ കേന്ദ്രത്തിനയക്കും.