ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡെൽഹി പൊലീസ്. ഈ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗം സ്പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു.
കർഷകരുടെ ട്രാക്ടർ പരേഡിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. മൂന്ന് അതിർത്തി മേഖലകളിൽ നിന്ന് ഡൽഹിയിലേക്ക് റാലി അനുവദിക്കും.റാലിയിൽ പങ്കെടുക്കാൻ ആയിരകണക്കിന് ട്രാക്ടറുകൾ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിത്തുടങ്ങി. ഈ സാഹചര്യത്തിലാണ് ദീപേന്ദ്ര പഥക് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്താനിൽ നിന്നുള്ള 300ലധികം ട്വിറ്റർ ഹാൻഡിലുകളാണ് ജനുവരി 13നും 18നും ഇടയിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ഏജൻസികളിൽ നിന്ന് ഇതേപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം കനത്ത സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. പാകിസ്താനിൽ നിന്നുള്ള 308 ട്വിറ്റർ ഹാൻഡിലുകൾ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ പ്രചരിപ്പിക്കുകയാണെന്നും ദീപേന്ദ്ര പഥക് പറഞ്ഞു.