കൊച്ചി: കോർപറേഷനിലെ സിപിഎം കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവെച്ചു . സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ആരോപിച്ചാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. ആറാം ഡിവിഷൻ കൗൺസിലർ എം എച്ച് എം അഷറഫ് ആണ് രാജിവെച്ചത്. മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സിപിഎം വിട്ട കാര്യം അഷ്‌റഫ് പ്രഖ്യാപിച്ചത്. കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കി. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളാണുള്ളത്. രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിലാണ് എൽഡിഎഫിന്റെ ഭരണം.
നഗരാസൂത്രണ സമിതി ചെയർമാൻ സ്ഥാനം ഇടതുപക്ഷത്തെ പിന്തുണച്ച സ്വതന്ത്ര അംഗം സനിൽ മോന് നൽകാനുള്ള സിപിഎം തീരുമാനത്തിനെ അഷറഫ് എതിർത്തിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഷറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം ഇത് പരിഗണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ അഷറഫ് വോട്ട് അസാധുവാക്കിയതിനെ തുടർന്ന് പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.
രാജി കത്തിന്റെ പൂർണരൂപം;
പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.
ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതൽ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വർഷം കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സ. മണിശങ്കർ എന്നിവരുടെ നിർദേശപ്രകാരമാണ് ഈ പിന്തുണ നൽകിയിരുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ സിപിഎമ്മിൽ മെമ്പർഷിപ്പിൽ വന്നിട്ടുള്ളൂ. പക്ഷെ എന്നെ ജില്ലാ കമ്മിറ്റിയിൽ ആരും അറിയില്ലെന്ന സത്യം മനസിലാക്കിയ നിമിഷം മുതൽ ഞാൻ മാനസികമായി വല്ലാത്ത സമ്മർദ്ദത്തിലാണ്. ആയത് കൊണ്ട് ഞാൻ പാർട്ടി മെമ്പർഷിപ്പും ബന്ധപ്പെട്ട് മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വും രാജിവച്ചതായി അറിയിക്കുന്നു. ഇതുവരെ നൽകിയ എല്ലാം സഹായത്തിനും നന്ദി.