ബംഗളൂരു: ബിഎസ് യെദിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ കര്‍ണാടകയില്‍ ബിജെപി പാളയത്തില്‍ പടപുറപ്പാട്. പുതുതായി ഉൾപ്പെടുത്തിയ ഏഴു മന്ത്രിമാർക്കു വകുപ്പുകൾ നല്‍കിയതിനു പിന്നാലെയാണ് വകുപ്പു വിഭജനത്തിൽ അതൃപ്തിയുമായി ഏതാനും മന്ത്രിമാർ രംഗത്തെത്തിയത്.
നിയമമന്ത്രിസ്ഥാനം ഉൾപ്പെടെ മൂന്നു വകുപ്പുകൾ നഷ്ടമായ ജെ സി മധുസ്വാമി വ്യാഴാഴ്ച തുമകുരുവിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽനിന്നു വിട്ടുനിന്നു. കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ മന്ത്രിമാരായ നാഗരാജ്, കെ. ഗോപാലയ്യ, കെസി നാരായണ ഗൗഡ എന്നിവർ ആരോഗ്യമന്ത്രി കെ സുധാകറിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
എക്സൈസ് വകുപ്പ് തനിക്കു വേണ്ടെന്ന് എംടി ബി നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അതൃപ്തിയുള്ള മന്ത്രിമാരെ അനുനയിപ്പിക്കാൻ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയെയും റവന്യു മന്ത്രി ആർ അശോകയെയും മുഖ്യമന്ത്രി യെദിയൂരപ്പ ചുമതലപ്പെടുത്തി. എന്നാൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങില്ലെന്നാണ് യെദിയൂരപ്പയുടെ വിലയിരുത്തൽ.