പൂണെ: സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തം ബിസിജി, റോട്ടാ വക്‌സിൻ ഉത്പാദനത്തെ ബാധിക്കുമെന്ന് കമ്പനി. തീപിടുത്തത്തിൽ കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് സിറെ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്ച 2.45 നായിരുന്നു മരുന്ന് നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തതത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.
കോവിഷീൽഡ് വാക്‌സിൻ ഉത്പാദനത്തെ തീപിടുത്തം ബാധിക്കില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല ഉറപ്പുനൽകി. ‘പൂണെയിലെ മഞ്ചരിയിലുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപിടുത്തം ബിസിജി, റോട്ടാ വാക്‌സിൻ എന്നിവയുടെ ഉത്പാദനത്തെ ബാധിക്കും’ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കെട്ടിടത്തിലെ നാല്, അഞ്ച് നിലകളിലായിരുന്നു തിപിടുത്തമുണ്ടായത്.കൊറോണ വാക്‌സിൻ നിർമാണ യൂണിറ്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവർക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.