എല്ലാം പാവങ്ങൾക്ക്; അഞ്ചു വർഷത്തിനിടെ പിണറായി വാങ്ങിക്കൂട്ടിയത് 13 ലക്ഷത്തിൻ്റെ വീട്ടുപകരണങ്ങൾ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ. ഇതിൽ മുഖ്യമന്ത്രി ചെലവാക്കിയത് 29.22 ലക്ഷം രൂപയാണ്. ക്ലിഫ് ഹൗസിനു വേണ്ടിയാണ് ഏറ്റവുമധികം തുക ചെലവാക്കിയത്. കൃത്യമായ അറ്റകുറ്റപ്പണി നടക്കുന്ന മന്ദിരങ്ങള്‍ക്കു വേണ്ടിയാണ് ഇത്രയധികം തുക മുടക്കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

വൈദ്യുതീകരണം, മരാമത്ത് പണികള്‍, കര്‍ട്ടന്‍, വീട്ടുപകരണങ്ങള്‍ ഇതൊക്കെയാണ് മന്ത്രിമന്ദിരങ്ങളിലേക്ക് പണമൊഴുകിയ വഴികള്‍. മുന്‍ സര്‍ക്കാരുകളില്‍നിന്ന് ഇടതുസര്‍ക്കാരും വ്യത്യസ്തമായില്ല എന്നതിന്റെ കണക്കുകളാണ് ചുവടെ.

മുഖ്യമന്ത്രി പിണറായി വിജയന്‍: വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 13 ലക്ഷം, കര്‍ട്ടന് രണ്ട് ലക്ഷം, മരാമത്ത് പണികള്‍ക്ക് ഒന്‍പതര ലക്ഷം, വൈദ്യുതീകരണത്തിന് നാലരലക്ഷം. ആകെ 29.22 ലക്ഷം രൂപ

കടന്നപ്പള്ളി രാമചന്ദ്രന്‍: വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 16,000, കര്‍ട്ടന് 1.98 ലക്ഷം, മരാമത്ത് പണികള്‍ക്ക് 14.08 ലക്ഷം, വൈദ്യുതീകരണത്തിന് 5.77 ലക്ഷം. ആകെ 23.41 ലക്ഷം രൂപ

കടകംപള്ളി സുരേന്ദ്രന്‍: വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 3.78 ലക്ഷം, കര്‍ട്ടന് 1.22 ലക്ഷം, മരാമത്ത് പണികള്‍ക്ക് 12.42 ലക്ഷം, വൈദ്യുതീകരണത്തിന് 1.10 ലക്ഷം. ആകെ 18.5 ലക്ഷം രൂപ

എം.എം.മണി: വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 25,000, കര്‍ട്ടന് 34,000, മരാമത്ത് പണികള്‍ക്ക് 7.54 ലക്ഷം, വൈദ്യുതീകരണത്തിന് 5.69 ലക്ഷം. ആകെ 13.81 ലക്ഷം രൂപ.

ഇ.പി.ജയരാജന്‍ 13.57 ലക്ഷവും, കെ.കൃഷ്ണന്‍കുട്ടി 11.25 ലക്ഷവും മോടിപിടിപ്പിക്കാന്‍ ചെലവാക്കി. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഇക്കാലയളവില്‍ ഒരുലക്ഷത്തി മുപ്പത്തിയേഴായിരംമാത്രം ചെലവാക്കി മാതൃകയായെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ചെലവുകളുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒട്ടും പിന്നിലല്ല. ആകെ ചെലവ് 4.07 ലക്ഷം രൂപ. ചീഫ് സെക്രട്ടറി മന്ദിരം മോടിപിടിപ്പിക്കാൻ 3.17 ലക്ഷം ചെലവാക്കി.