ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം മദ്യം നിരോധിക്കണമെന്ന് ഉമാഭാരതി

ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നയത്തിൽ മന്ത്രിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി. മധ്യപ്രദേശിൽ ഗ്രാമീണ പ്രദേശങ്ങളിൽ കൂടുതൽ മദ്യഷാപ്പുകൾ തുറക്കണമെന്ന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിർദേശത്തിനെതിരെയാണ് ഉമാഭാരതി രംഗത്തെത്തിയത്.

ബിജെപി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും മദ്യം നിരോധിക്കണമെന്ന ആവശ്യം അവർ ഉയർത്തി. മദ്യമാഫിയയുടെ സമ്മർദ്ദത്തിനടിപ്പെട്ട് മദ്യനിരോധനം നടപ്പാക്കാതിരിക്കരുതെന്ന് അവർ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യഷാപ്പുകളുടെ അനുപാതം വളരെ കുറവാണെന്ന് നരോത്തം മിശ്ര വാദിച്ചു.

വ്യാജമദ്യം കഴിച്ച് 26 പേർ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. 2020 ഒക്ടോബറിലും 16 പേർ മരിച്ചിരുന്നു.
ഗ്രാമീണ മേഖലകളിലെ വ്യാജമദ്യ ഒഴുക്ക് തടയാനാണ് മദ്യഷാപ്പുകൾ തുറക്കണമെന്നാണ് മന്ത്രിയുടെ വാദം.

സർക്കാർ മദ്യം വിൽക്കുന്നത് അമ്മ കുട്ടികൾക്ക് പോഷകാഹാരത്തിന് പകരം വിഷം നൽകുന്നതിന് തുല്യമാണെന്ന് ഉമാഭാരതി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന ആവശ്യം അവർ ട്വിറ്ററിലൂടെ അധ്യക്ഷൻ ജെപി നദ്ദയുടെ ശ്രദ്ധയിൽപ്പെടുത്തി.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. എന്നാൽ മദ്യഷാപ്പുകളുടെ എണ്ണം ഉയർത്തുന്ന കാര്യം പരിഗണനയില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.