പിപിഇ കിറ്റണിഞ്ഞ് സ്വർണക്കടയിൽനിന്ന് 25 കിലോ സ്വർണം കവർന്ന പ്രതി അറസ്റ്റിൽ

ന്യൂഡെൽഹി: പിപിഇ കിറ്റ് ധരിച്ചെത്തി സ്വർണക്കടയിൽനിന്ന് 25 കിലോയോളം സ്വർണം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു . മുഹമ്മദ് ഷെയ്ക്ക് നൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കർണാടകയിലെ ഹൂബ്ലി സ്വദേശിയാണ് മുഹമ്മദ്. 13-കോടിയോളം വില വരുന്ന സ്വർണമാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ് പിപിഇ കിറ്റ് ധരിച്ച് സ്വർണക്കടയ്ക്കുള്ളിൽ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിന്റെ ടെറസിൽനിന്ന് ചാടിയാണ് ഇയാൾ സ്വർണക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് സ്വർണക്കടയിലേക്ക് കടന്നത് ഇവർ അറിഞ്ഞിരുന്നില്ല. കടയ്ക്കുള്ളിൽ മുഹമ്മദ് സ്വർണാഭരണങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

മോഷ്ടിച്ച സ്വർണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ഡെൽഹി കാൽക്കാജിയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾ ജോലി ചെയ്യുന്ന കടയും മോഷണം നടത്തിയ സ്വർണക്കടയും തമ്മിൽ അധികദൂരമില്ല.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളിൽ കടന്ന മുഹമ്മദ് ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മോഷണം അവസാനിപ്പിച്ച് പുറത്തുകടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.