പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ അഞ്ചു പേർ മരിച്ചതായി സ്ഥിരീകരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30-ഓടെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്.
അഗ്നിരക്ഷാസേന അംഗങ്ങൾ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ തൊഴിലാളികളാണ് മരിച്ചതെന്നാണ് നിഗമനം. അതേസമയം കൊവിഷീൽഡ് വാക്സീൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടിച്ച കെട്ടിട്ടത്തിന് അകലെയായതിനാൽ വാക്സീൻ നിർമ്മാണവും വിതരണവും തടസമില്ലാതെ നടക്കും.
അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. തീപിടിച്ച കെട്ടിട്ടത്തിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആൾനാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സിഇഒ പൂനെ അദര്‍വാല അറിയിച്ചിരുന്നു.
അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിട്ടത്തിൽ കുടുങ്ങി പോയ രണ്ട് പേരെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.