കോഴിക്കോട്: ഇടതുമുന്നണയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ എൽജെഡി. തൽക്കാലം ജനതാദൾ എസിൽ ലയിക്കാതെ സ്വന്തം നിലയ്ക്ക് നീങ്ങാനാണ് പാർട്ടിയിലെ തീരുമാനം. ഏഴു സീറ്റുകളാണ് എ എൽജെഡി ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിലായിരുന്നപ്പോൾ ഏഴ് സീറ്റിലാണ് മത്സരിച്ചത്. പാർട്ടി പൂർണമായും ഇടതു പാളയത്തിലെത്തിയതിനാൽ ഏഴുസീറ്റിൽ തന്നെ മത്സരിക്കണമെന്ന വികാരമാണ് സംസ്ഥാന കമ്മിറ്റിക്ക്.
കൂത്തുപറമ്പ്, കൽപറ്റ, വടകര, കുന്ദമംഗലം, തിരുവനന്തപുരം, ചാലക്കുടി സീറ്റുകളും കായംകുളം, അരൂർ, ഇരവിപുരം എന്നിവയിലൊന്നുമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിൽ കൂത്തുപറമ്പ്, കൽപറ്റ, കായംകുളം, ഇവരിപുരം, ചാലക്കുടി എന്നിവ സി.പി.എം സിറ്റിങ് സീറ്റുകളാണ്. വടകര ജനതാദൾ എസിലെ സി.കെ. നാണുവും കുന്ദമംഗലം ഇടതുസ്വതന്ത്രൻ പിടിഎ റഹീമും അരൂരും തിരുവനന്തപുരം കോൺഗ്രസ് ജയിച്ച സ്ഥലങ്ങളുമാണ്.
കൂത്തുപറമ്പിൽ മുൻ മന്ത്രിയും ജില്ല പ്രസിഡൻറുമായ കെപി മോഹനൻ, വടകരയിൽ സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എംഎൽഎയുമായ എം.കെ. പ്രേംനാഥ്, ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എംകെ. ഭാസ്കരൻ, കുന്ദമംഗലത്ത് മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറുമായ വി കുഞ്ഞാലി, ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലിം മടവൂർ, തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ള, ചാലക്കുടിയിൽ ജില്ല പ്രസിഡൻറ് യൂജിൻ മാറോളി, കായംകുളം, അരൂർ, ഇരവിപുരം എന്നിവയിലൊന്നിൽ പാർട്ടി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.
സംസ്ഥാന പ്രസിഡൻറ് എംവി. ശ്രേയാംസ്കുമാർ നേരത്തെ എംഎൽഎയായ കൽപറ്റയിൽ ആരെയും പരിഗണിച്ചിട്ടില്ല. പ്രസിഡൻറ് രാജ്യസഭാംഗത്വം രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തള്ളിക്കളയാനാവില്ലെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്.
താൽപര്യമുള്ള സീറ്റുകളുടെ കാര്യം എൽഡിഎഫ് നേതാക്കളുമായി ഷെയ്ഖ് പി. ഹാരിസ്, വർഗീസ് ജോർജ്, കെ.പി. മോഹനൻ എന്നിവരടങ്ങുന്ന സംഘം നേരിട്ട് സന്ദർശിച്ച് അറിയിച്ചിട്ടുണ്ട്.