കോഴിക്കോട്: നഗരം ശുചീകരിക്കാനായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പെത്തി കോര്‍പറേഷന്‍ ഭൂമിയില്‍ താമസമാക്കിയ കുടുംബങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍. സ്റ്റേഡിയം ജംഗ്ഷനിലെ പൂതേരി സത്രം കോളനിയിലെ മുപ്പത്തിരണ്ടു കുടുംബങ്ങള്‍ക്കാണ് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ലഭിക്കാതെ കിടപ്പാടം വിട്ടിറങ്ങില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
ഒരു കാലത്ത് ഇവരെ നഗരത്തിന് ആവശ്യവുമായിരുന്നു. മൂന്ന് തലമുറകള്‍ക്ക് മുന്‍പാണ് തമിഴ്നാട്ടില്‍നിന്ന് തോട്ടിപ്പണിക്കായി ആദ്യ സംഘം എത്തിയത്. കോര്‍പറേഷന്‍ നല്‍കിയ കെട്ടിടത്തില്‍ താമസം തുടങ്ങി. കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. അങ്ങനെ കോളനിയായി മാറി.
മുപ്പത് വര്‍ഷംമുന്‍പും നോട്ടീസ് നല്‍കി അധികൃതര്‍ കുടിയിറക്ക് ഭീഷണി നടത്തിയിരുന്നു. എന്നാല്‍ കോടതി ഇടപെട്ടതോടെ നടന്നില്ല. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തതാണ് പ്രശ്നം. കോര്‍പറേഷനില്‍ ജോലിയുള്ള ഏഴുപേരുടെ കുടുംബങ്ങള്‍ക്ക് മാത്രം കല്ലുത്താന്‍കടവ് ഫ്ലാറ്റില്‍ താമസസൗകര്യം ഒരുക്കാമെന്ന നിലപാടിലാണ് അധികൃതര്‍.
ലൈഫ് മിഷന്‍ പദ്ധതിയുണ്ടായിട്ടും നഗരത്തിനുവേണ്ടി നഗരഹൃദയത്തില്‍ തമാസിക്കുന്നവര്‍ക്ക് സ്വന്തമായി കിടപ്പാടം നല്‍കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.