റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; റാലി നടത്തുമെന്ന് കര്‍ഷകര്‍

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലിയെ ചൊല്ലി കൊമ്പുകോർത്ത് കർഷകരും സർക്കാരും. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഡെൽഹി ഔട്ടർ റിങ് റോഡിൽ ജനുവരി 26-ന് ട്രാക്ടർ റാലി നടത്താനാകില്ലെന്ന് സർക്കാർ പറഞ്ഞതായി ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു. എന്നാൽ, ഔട്ടർ റിങ് റോഡിൽ തന്നെ തങ്ങൾ ട്രാക്ടർ റാലി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രവുമായി വെള്ളിയാഴ്ച നടക്കുന്ന ചർച്ചയ്ക്കു ശേഷം, പോലീസുമായി മറ്റൊരു കൂടിക്കാഴ്ച നടത്തുമെന്നും ദർശൻ പറഞ്ഞു. സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ഡൽഹി പോലീസ് ജോയിന്റ് കമ്മിഷർ എസ്എസ് യാദവ് ഇന്ന് പോയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന്റെ പ്രതികരണം.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. ബുധനാഴ്ച നടന്ന പത്താംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. കർഷക പ്രതിഷേധങ്ങൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങൾ ട്രാക്ടർ റാലി സംഘടിപ്പിക്കുന്നതെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.