ആ​ശുപത്രിയിൽ സഹോദരനെ കാണാൻ അവധി ചോദിച്ചു; ശുചീകരണ തൊഴിലാളിയോട്​ അപമര്യാദയായി പെരുമാറിയ ഉദ്യേഗസ്​ഥനെ ജീവനക്കാരികൾ ‘കൈകാര്യം’ ചെയ്തു

ജോധ്​പൂർ(രാജസ്​ഥാൻ): അത്യാഹിത നിലയിൽ ആ​ശുപത്രിയിൽ കഴിയുന്ന സഹോദരനെ സന്ദർശിക്കാൻ അവധി ചോദിച്ച ശുചീകരണ തൊഴിലാളിയോട്​ ഉദ്യോഗസ്​ഥൻ ​ആവശ്യപ്പെട്ടത്​ ലൈംഗിക ബന്ധത്തിന്​ വഴങ്ങാൻ. സംഘടിച്ചെത്തിയ ജീവനക്കാരികൾ ഉദ്യേഗസ്​ഥനെ ‘കൈകാര്യം’ ചെയ്യുകയും അതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്​തു.

സംഭവം വിവാദമായതോടെ ഉദ്യോഗസ്നെ അധികൃതർ സസ്​പെന്‍റ്​ ചെയ്​തു. രാജസ്​ഥാനിലെ ജോധ്​പുർ മുൻസിപ്പൽ കോർപറേഷനിലാണ്​ സംഭവം. തിങ്കളാഴ്ച അവധി ചോദിച്ച്​ ഞായറാഴ്ച വൈകുന്നേരം ഉദ്യേഗസ്​ഥനെ വിളിച്ച വിധവയായ ശുചീകരണ തൊഴിലാളിക്കാണ്​ ദുരനുഭവമുണ്ടായത്​. ​

എന്‍റെ പേരിന്‍റെ നേരെ അവധി അടയാളപ്പെടുത്തി​യാൽ മതി എന്ന്​ പറഞ്ഞ്​ ഫോൺ കട്ട്​ ചെയ്​ത ജീവനക്കാരി മറ്റു ജീവനക്കാരികളോട്​ പ്രശ്​നം വിളിച്ചറിയിക്കുകയായിരുന്നു. ജീവനക്കാരിയുടെ സഹോദരൻ ഉടൻ മരിക്കുകയും ചെയ്​തു.

തിങ്കളാഴ്ച രാവിലെ ഓഫിസിലെത്തിയ ശുചീകരണ തൊഴിലാളികളായ വനിതകൾ ഉ​ദ്യോഗസ്​ഥനെ വളഞ്ഞിട്ട്​ മർദിക്കുകയായിരുന്നു. ജീവനക്കാരിയോട്​ ലൈംഗിക ബന്ധത്തിന്​ നിർബന്ധിക്കുന്ന ഫോൺ റിക്കോഡും വനിതകളുടെ കൈവശമുണ്ടായിരുന്നു.

വിധവയായി ജീവനക്കാരിയെ ഉദ്യോഗസ്​ഥൻ നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ലൈംഗിക ബന്ധത്തിന്​ നിർബന്ധിക്കാറുണ്ടെന്നും അവർ പറഞ്ഞു. സഹോദരനെ ആശുപത്രിയിൽ സന്ദർശിക്കാൻ അവധി ചോദിച്ചപ്പോഴും ജീവനക്കാരിയോട്​ ഉദ്യേഗസ്​ഥൻ ലൈംഗിക ആവശ്യം ഉന്നയിക്കുകയായിരുന്നു.

വഴങ്ങിയാൽ അവധിക്ക്​ പകരം ഹാജർ മാർക്ക്​ ചെയ്യാമെന്നും സഹോദരന്‍റെ ചികിത്സക്ക്​ ധനസഹായം ചെയ്യാമെന്നും ഉദ്യേഗസ്​ഥൻ ഫോണിൽ പറയുന്നുണ്ട്​. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്ന്​ കമീഷണർ രോഹിതാശ്വ സിങ്​ തോമർ പറഞ്ഞു.