ന്യൂഡെൽഹി: അർണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ടിവി പ്രസാർഭാരതിയുടെ ഡിടിഎച്ച് സംവിധാനം ഉപയോഗിച്ചതിലൂടെ നൽകാനുള്ളത് കോടിക്കണക്കിന് രൂപ. 2017 മേയിൽ മുതൽ 2019 സെപ്തംബർ വരെയാണ് റിപ്പബ്ലിക്ക് ടിവി അനധികൃതമായി ഡിഡി ഫ്രീഡിഷിലൂടെ പ്രദർശിപ്പിച്ചത്. വർഷത്തിൽ 8-12 കോടി രൂപയാണ് ഒരു ചാനൽ ഡിഡി ഫ്രീഡിഷിൽ പ്രദർശിപ്പിക്കാൻ വാടകയിനത്തിൽ നൽകേണ്ടത്.
വാടകയിനത്തിൽ ഒരു രൂപ പോലും അർണബ് നൽകിയിട്ടില്ല. പ്രസാർഭാരതിയുടെ ഡിഡി ഫ്രീഡിഷിൽ പണം നൽകാതെയാണ് റിപ്പബ്ലിക്ക് ചാനൽ പ്രദർശിപ്പിച്ചിരുന്നതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ഇതിലൂടെ ഏകദേശം 25 കോടി രൂപയാണ് പ്രസാർഭാരതിക്ക് അർണബ് നൽകേണ്ടത്.
പ്രസാർഭാരതിക്ക് നൽകാനുള്ള പണം സംബന്ധിച്ച് ചില ദേശീയചാനലുകൾ കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന് പരാതി നൽകിയെങ്കിലും സ്വാധീനം ഉപയോഗിച്ച് അർണബിന് നേരെ നടപടിയോ ചോദ്യങ്ങളോ ഉയർന്നില്ലെന്നും വിമർശനമുണ്ട്. ടിആർപി തട്ടിപ്പും വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നതിന് പിന്നാലെയാണ് പ്രസാർഭാരതിയെ കബളിപ്പിച്ചതും ചർച്ചയായത്.