ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഡെല്‍ഹി തിക്രി അതിര്‍ത്തിയില്‍ കര്‍ഷക സമരവേദിയിലാണ് 42കാരന്‍ ജീവനൊടുക്കിയത്.
ബുധനാഴ്ചയാണ് സംഭവം. ജയ് ഭഗവാന്‍ റാണയാണ് വിഷം കഴിച്ച് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിക്രി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തുവരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.
കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്് എന്നാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.