പ്രധാനമന്ത്രി എത്തില്ല; നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28 ന്

ആലപ്പുഴ: നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് എത്താൻ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റർ മേൽപ്പാലവുമാണ്. ബീച്ചിന്റെ മുകളിൽ കൂടി പോകുന്ന ആദ്യത്തെ മേൽപ്പാലം എന്ന പ്രത്യേകതയുമുണ്ട്. ദേശീയപാതയിലെ കൊമ്മാടിയിൽ നിന്ന് തുടങ്ങി കടലിനോട് ചേർന്ന് 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ആണ് കളർകോ‍ട് ദേശീയപാതയിലെത്തുക.

1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടതാണ്. തടസ്സങ്ങൾ മാത്രമായിരുന്നു എപ്പോഴും. ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവർക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാൻ കഴിയും.

പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ധനമന്ത്രി തോമസ് ഐസക്, എന്നിവർ സംബന്ധിക്കും. സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എംപി തുടങ്ങിയവർ സന്നിഹതരായിരിക്കും. വിശദമായ പരിപാടി കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ച് താമസിക്കാതെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി സുധാകരൻ അറിയിച്ചു.

കഴിഞ്ഞ നവംബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ നിന്ന് കത്ത് വന്നിരുന്നു. രണ്ടുമാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കഗരി സമർപ്പണത്തിന് വരുന്നത്.