മാപ്പുസാക്ഷിയായി ജയിൽമോചിതനായ വിപിൻലാൽ ഹാജരായില്ല; നടിയെ അക്രമിച്ച കേസിൽ വിസ്താരം നടന്നില്ല

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയിൽമോചിതനായ വിപിൻ ലാൽ ഹാജരാകാത്തതിനെ തുടർന്ന് ഒരിടവേളക്ക് ശേഷം ഇന്നാരംഭിക്കാനിരുന്ന കേസിലെ സാക്ഷി വിസ്താരം നടന്നില്ല. ജാമ്യം ലഭിക്കാതെ ജയിൽമോചിതനായ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി വാറന്‍റ് പുറപ്പെടുവിച്ചു.

നടിയെ അക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കെ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേർക്കുകയും അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസിൽ മാപ്പ്സാക്ഷിയാക്കുകയും ചെയ്തതോടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇയാളെ മോചിതനാകാന്‍ അനുവദിക്കുകയും ആയിരുന്നു.

ചങ്ങനാശേരി സ്വദേശിയായ വിപിന്‍ ലാല്‍ കാസര്‍കോട് ബന്ധുവിന്‍റെ വീട്ടിലാണിപ്പോള്‍ താമസം. ഇതിനിടെ ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി എം. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നൂ. ഇതോടെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ്, വിപിന്‍ ലാല്‍ ജയില്‍ മോചിതനായത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്.

ക്രിമിനല്‍ നടപടി ചട്ടം 306 പ്രകാരം വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ്. അതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിചാരണ കോടതിക്ക് മുമ്പാകെ ഇന്ന് ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിക്കുകയായിരുന്നൂ.

കോടതി നിർദേശ പ്രകാരം ജയില്‍ സൂപ്രണ്ട് വിപിൻ ലാലിനെ പുറത്ത് വിട്ടത് സംബന്ധിച്ച രേഖകള്‍ ഇന്ന് ഹാജരാക്കി. നാളെ കാവ്യമാധവന്റെ സഹോദരനെയും ഭാര്യയെയും വിസ്തരിക്കും. ഈ മാസം 28 ന് കാവ്യാ മാധവനെയും ഫെബ്രുവരി രണ്ടിന് നാദിര്‍ഷയെയും വിസ്തരിക്കും.