റോം: കരാർ പ്രകാരം വാക്‌സിൻ നൽകാത്തതിൽ അതൃപ്തരായ ഇറ്റലി യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു. മുൻകൂട്ടി ഓർഡർ ചെയ്ത വാക്‌സിൻ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.
സിവിൽ-ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനായി ഇറ്റലിയിലെ പ്രാദേശിക ഗവർണർമാരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുളളതായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുളള ഡൊമെനികോ അർസുരി പറഞ്ഞു. വരും ദിവസങ്ങളിൽ ഇത്തരം നിയനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.
ഇറ്റാലിയൻ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കുളള വാക്‌സിൻ കയറ്റുമതി താല്കാലികമായി കുറച്ചതായി കഴിഞ്ഞ ആഴ്ച ഫൈസർ സ്ഥിരീകരിച്ചിരുന്നു.
തങ്ങളുടെ ബെൽജിയം പ്ലാന്റിൽ നിന്നുളള വാക്‌സിൻ ഉല്പാദനം വർഷത്തിൽ 2 ബില്യൺ ആയി ഉയർത്താൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.