കമ്മീഷന്‍ കിട്ടാതെ ഇനി കിറ്റ് വിതരണത്തിനില്ല; നിസഹകരിച്ച് വ്യാപാരികൾ; സപ്ലൈകോ കിറ്റ് വിതരണം ഇന്ന് ആരംഭിക്കില്ല

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ നിസഹകരണം കാരണം സപ്ലൈകോയുടെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കില്ല. മുമ്പ് വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ കിട്ടാതെ ഇനി ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം. പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യമന്ത്രി രണ്ടുമണിക്ക് റേഷന്‍ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണം സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണെന്ന വിലയിരുത്തലിലാണ് അടുത്തനാല് മാസം കൂടി കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ജനുവരിയിലെ കിറ്റ് ഇന്നുമുതല്‍ നല്‍കാനിരുന്നെങ്കിലും കിറ്റ് ഏറ്റെടുക്കാന്‍പോലും വ്യാപാരികള്‍ തയാറായില്ല.

കഴിഞ്ഞ അഞ്ചുതവണത്തെ കിറ്റിന്റ കമ്മീഷന്‍ കിട്ടാതെ വിതരണം ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം. ആദ്യ ഒരുതവണത്തെ കമ്മീഷന്‍ മാത്രമാണ് ഇതുവരെ കിട്ടിയത്. അതും ഏഴുരൂപ. ഇരുപത് രൂപയാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഏഴ് രൂപ വച്ച് നല്‍കിയാല്‍ പോലും അഞ്ചുമാസത്തെ കമ്മീഷന്‍ കൊടുക്കാന്‍ 37 കോടി രൂപ വേണം.

ബാക്കിവരുന്ന കിറ്റുകള്‍ സപ്ലൈകോ തിരിച്ചെടുക്കുന്നില്ലെന്ന പരാതിയും വ്യാപാരികള്‍ക്കുണ്ട്. തുണി സഞ്ചിയടക്കം പത്തിനങ്ങളാണ് ഇത്തവണത്തെ കിറ്റിലുള്ളത്. അതേസമയം, വ്യാപാരികളുടെ പിടിവാശികള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റ തീരുമാനം. നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.