മാതാപിതാക്കളെ മകൻ പൂട്ടിയിട്ടു; ദിവസങ്ങളായി ഭക്ഷണവും മരുന്നും കിട്ടാതെ അച്ഛൻ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. എണ്‍പതു വയസുള്ള പിതാവ് പൊടിയന്‍ ആണ് മരിച്ചത്. മാതാവിനെ മെഡിക്കൽ കോളജിലേക്കു മാറ്റി.ഇളയ മകന്‍ റെജിയെ പൊലീസ് തിരയുന്നു. അയല്‍വാസികള്‍ വരാതിരിക്കാനായി പട്ടിയെ കാവല്‍നിര്‍ത്തിയാണ് മകൻ ക്രൂരത കാട്ടിയത്. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികൾ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടിരുന്നു.

വൃദ്ധ ദമ്പതികളുടെ ഇളയ മകൻ റജി ഇവരുടെ വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പട്ടിക്ക് ഭക്ഷണവും നൽകിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല. ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ദമ്പതികളുടെ ഈ ദാരുണാവസ്ഥ ജനപ്രതിനിധികളും പൊലീസും അറിഞ്ഞത്.

വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വീട്ടുകാർ തടഞ്ഞു. ഇവർ എത്തുമ്പോൾ ഭക്ഷണം ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു ഇരുവരും വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

അബോധാവസ്ഥയിലാണ് ഭർത്താവിനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നതെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇയാളുടെ ഭാര്യയ്ക്ക്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇവരെ ,കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊടിയന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.